റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര നീക്കം; കോഴിക്കോട് ജില്ലയിൽ 1.24 ലക്ഷം ഗുണഭോക്താക്കൾക്ക് തിരിച്ചടി

കോഴിക്കോട്: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട നീക്കം കോഴിക്കോട് ജില്ലയിലെ 38,483 എഎവൈ (മഞ്ഞ കാർഡ്) കുടുംബങ്ങളിലായി 1,24,925 ഗുണഭോക്താക്കളെ ബാധിക്കുമെന്ന് വിലയിരുത്തൽ. ഭക്ഷ്യഭദ്രതാ നിയമ ഭേദഗതിയിലൂടെ നിലവിൽ ഓരോ എഎവൈ കാർഡിനും ലഭിക്കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യം, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരാൾക്ക് ഏഴ് കിലോ എന്ന രീതിയിലേക്ക് മാറ്റാനാണ് നിർദേശം.നിലവിലെ രീതിയിൽ രണ്ട് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ലഭിച്ചിരുന്ന 35 കിലോ റേഷൻ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വന്നാൽ 14 കിലോയായി ചുരുങ്ങും. ഇതോടെ 21 കിലോയുടെ കുറവുണ്ടാകും. ജില്ലയ്ക്ക് നിലവിൽ ലഭിക്കുന്ന 13.5 ലക്ഷം കിലോഗ്രാം അരിവിഹിതവും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയിലാണ് എഎവൈ കാർഡുടമകൾ കൂടുതലുള്ളത്. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് ഇതിൽ ഭൂരിഭാഗവും. ട്രോളിംഗ് നിരോധനവും ഇന്ധനവില വർധനവും മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് റേഷൻ വിഹിതം കുറയുന്നത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നു. ഇതിന്റെ പ്രത്യാഘാതം റേഷൻ വ്യാപാരികളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.അതേസമയം, ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ റേഷൻ വിതരണവും പല സ്ഥലങ്ങളിലും വൈകുന്നതായി പരാതിയുണ്ട്. പഞ്ഞമാസ സമാശ്വാസ പദ്ധതിയും മുടങ്ങിയതോടെ തീരദേശ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *