തിരുവനന്തപുരം മേയറുമായി കോഴിക്കോട് മേയർ കൂടിക്കാഴ്ച; ശ്രദ്ധ നേടി സൗഹൃദ സന്ദർശനം

തിരുവനന്തപുരം: കോഴിക്കോട് കോർപറേഷന്റെ വിവിധ വികസന ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും കാണാനെത്തിയ സർവകക്ഷി സംഘം, മടങ്ങുംവഴി തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ സന്ദർശിച്ചു. നഗരസഭാ ഓഫീസിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.കോഴിക്കോട് മേയർ ഒ. സദാശിവന്റെ നേതൃത്വത്തിലായിരുന്നു സർവകക്ഷി സംഘത്തിന്റെ സന്ദർശനം. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഷാൾ അണിയിച്ച് സംഘത്തെ സ്വീകരിച്ചു.പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് കൗൺസിലറുമായ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, ബിജെപി കൗൺസിലർ നവ്യ ഹരിദാസ്, സിപിഎം പ്രതിനിധി കെ. രാജീവ്, സിപിഐ പ്രതിനിധി സാറ ജാഫർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.കോർപറേഷന്റെ വിവിധ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് സർവകക്ഷി സംഘം തിരുവനന്തപുരത്തെത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തിരുവനന്തപുരം മേയറെ സന്ദർശിച്ചത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഇതിന് പ്രത്യേക രാഷ്ട്രീയ മാനങ്ങൾ ഇല്ലെന്നും കോഴിക്കോട് മേയർ ഒ. സദാശിവൻ വ്യക്തമാക്കി.വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികൾ ഒരുമിച്ച് നടത്തിയ ഈ സന്ദർശനമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധയാകർഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *