
വിലങ്ങാട്: ശക്തമായ മഴയെ തുടർന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉയർന്ന സാഹചര്യത്തിൽ വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങളെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കലക്ടറാണ് ഉത്തരവിറക്കിയത്.വടകര താലൂക്കിലെ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിലാണ് അപകടസാധ്യത കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിപ്പിക്കൽ നടപടികളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി വടകര ആർ.ഡി.ഒയെ നോഡൽ ഓഫീസറായും വടകര തഹസിൽദാരെ അസിസ്റ്റന്റ് നോഡൽ ഓഫീസറായും ചുമതലപ്പെടുത്തി.പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുൻപ് ഉരുള്‍പൊട്ടൽ ഉണ്ടായ സ്ഥലങ്ങൾക്ക് സമീപവും താമസിക്കുന്നവരെ മുൻഗണന നൽകി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ സുരക്ഷിതമായ സ്കൂളുകളും പൊതുകെട്ടിടങ്ങളും കണ്ടെത്തി ക്യാമ്പുകൾ സജ്ജമാക്കും. ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്.ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്കും ക്യാമ്പുകളുടെ സുരക്ഷയ്ക്കുമായി പൊലീസിനെ വിന്യസിക്കാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിലെത്തി പരിശോധന നടത്തുകയും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.അതേസമയം, വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര നിരോധിച്ചിട്ടുണ്ട്. ജനങ്ങൾ അധികൃതരുടെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
