
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വാഗതം ചെയ്തു. സ്ത്രീകളുടെ യാത്രാ സൗകര്യവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമിടുന്ന ഈ പദ്ധതി തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് സമാന പദ്ധതികൾ ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പദ്ധതിയുടെ വ്യാപ്തി കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.ഇന്നത്തെ സാഹചര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ തൊഴിൽ, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി പുറത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ യാഥാർഥ്യം പരിഗണിച്ചാണ് സ്ത്രീകൾക്കായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിക്ക് വൻവിജയം ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഗതാഗത മന്ത്രിയായ സി.പി. ജോണിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച സുരേഷ് ഗോപി, സംസ്ഥാനത്തെ രാഷ്ട്രീയ ഇടപെടലുകളും ട്രേഡ് യൂണിയൻ വെല്ലുവിളികളും മറികടന്ന് പൊതുഗതാഗത മേഖലയെ കൂടുതൽ ജനകീയമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു.പദ്ധതിയിൽ ന്യൂനതകൾ ഉണ്ടെന്ന് കരുതുന്നവർക്ക് വിമർശിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാൽ സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകുമ്പോൾ പ്രതിപക്ഷവും സൃഷ്ടിപരമായ സഹകരണത്തോടെ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകൾക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നൽകുന്ന പദ്ധതിയായാണ് ഇതിനെ കാണുന്നതെന്നും, സമൂഹത്തിലെ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും മുന്നേറാൻ ഇത് സഹായകരമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
#KSRTC #Priyadarshini #SureshGopi #Kerala #FreeTravel #WomenEmpowerment #KeralaNews #MalabarJagrathaNewsLive
