സ്കൂൾ തുറന്നു, പക്ഷേ വഴിയൊരുക്കിയത് വെള്ളക്കെട്ട്; വള്ളിക്കുന്നിൽ വിദ്യാർത്ഥികൾ ദുരിതത്തിൽ

വള്ളിക്കുന്ന്: പുതിയ അധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറന്നെങ്കിലും വള്ളിക്കുന്ന് പഞ്ചായത്തിലെ 18-ാം വാർഡിലുള്ള അരിയല്ലൂർ എ.എം.എൽ.പി സ്കൂളിന് മുന്നിലെ റോഡിലെ വെള്ളക്കെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുരിതമാകുന്നു.

മഴ പെയ്തതോടെ സ്കൂളിലേക്കുള്ള പ്രധാന വഴി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നുവെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയോ അധികാരികളുടെയോ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസേന ഈ വഴിയിലൂടെ സ്കൂളിലെത്തുന്ന കുട്ടികളും രക്ഷിതാക്കളും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും ആശങ്കയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി റോഡ് യാത്രയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സാമൂഹിക പ്രവർത്തകനായ അഭിജിത് കോട്ടശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *