
വയനാട് : സർക്കാർ സർവീസിൽ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രിയിൽ വൻ പ്രതിഫലത്തിന് പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയ വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്.രോഗികളെന്ന വ്യാജേന എത്തിയ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഡോക്ടർ കുടുങ്ങിയത്. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.മലപ്പുറം കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുവരുന്നതിനിടെയാണ് ഡോ. ശിവപ്രസാദിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്ന് ഏഴ് ലക്ഷം രൂപയും പ്രതിഫലമായി വാങ്ങിയിരുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.സ്വകാര്യ പ്രാക്ടീസിന്റെ പേരിൽ മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള നടപടികൾ നേരിട്ടിരുന്നുവെന്നും ആക്ഷേപമുണ്ട്. സർക്കാർ ഡോക്ടർമാർ നിയമവിരുദ്ധമായി സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് നടത്തുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി തുടരുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ ശംഭുനാഥ് കെ., സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫീസർമാരായ ശോജി, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
