
കോഴിക്കോട്: സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതി സ്ഥലത്ത് രാത്രികാല ഷിഫ്റ്റും ആരംഭിച്ചതോടെ പ്രവൃത്തികൾ ഇപ്പോൾ രാവും പകലുമായി രണ്ട് ഷിഫ്റ്റുകളിലായി തുടരുകയാണ്.ആദ്യം നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കത്തിൽ ഇതിനകം 30 മീറ്ററോളം തുരന്നുകഴിഞ്ഞു. പിന്നീട് ആരംഭിച്ച ഇടതുവശത്തെ തുരങ്കത്തിൽ 10 മീറ്ററോളം തുരങ്ക നിർമാണം പൂർത്തിയായി. തുരങ്കം 50 മീറ്റർ ദൂരം പിന്നിടുന്നതോടെ പ്രതിദിനം ഏകദേശം 6 മീറ്റർ വീതം തുരക്കാൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.തുരങ്കത്തിന്റെ ആരംഭ ഭാഗത്തെ പാറകളുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതകൾ കാരണം നിർമാണത്തിൽ തുടക്കത്തിൽ ചെറിയ കാലതാമസം നേരിടുന്നുണ്ടെങ്കിലും പിന്നീട് പ്രവൃത്തികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ.ഇതിനിടെ, തുരങ്കപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിക്കുന്ന റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ സ്വകാര്യ റിസോർട്ട് പൊളിച്ചുനീക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പാലവും നാല് വരിയുള്ള അപ്രോച്ച് റോഡും നിർമിക്കുന്നതിനായി 73.86 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. മലബാറിനെയും വയനാടിനെയും കൂടുതൽ വേഗത്തിലും സുരക്ഷിതമായും ബന്ധിപ്പിക്കുന്ന ഈ തുരങ്കപ്പാത പദ്ധതി മേഖലയിലെ ഗതാഗത വികസനത്തിന് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.
