വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന നിർധന രോഗികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

കോഴിക്കോട്: വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന നിർധനരും അനാഥരുമായ രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നും, ഇവർക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ടി എം കെ ചാരിറ്റിയുടെ ട്രഷറാർ എം.എ. ജലീൽ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.കഴിഞ്ഞ ജൂൺ 1 മുതലാണ് എം.എ. ജലീൽ നിരാഹാര സമരം ആരംഭിച്ചത്. ആശുപത്രികളിൽ എത്തിക്കപ്പെടുന്ന അനാഥരായ രോഗികൾക്ക് ആവശ്യമായ പരിചരണമോ പ്രഥമശുശ്രൂഷയോ ലഭിക്കുന്നില്ലെന്നും, സാമൂഹിക പ്രവർത്തകർക്കും ട്രസ്റ്റ് പ്രവർത്തകർക്കും രോഗികളെ സന്ദർശിക്കാനോ ഭക്ഷണം നൽകാനോ അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം ആരംഭിച്ചത്.ഈ വിഷയത്തിൽ എം.എ. ജലീൽ നൽകിയ പരാതിയിൽ നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു. കൂടാതെ ജില്ലാ കളക്ടർക്കും ലീഗൽ സർവീസസ് അതോറിറ്റിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്നാരോപിച്ചാണ് നിരാഹാര സമരത്തിലേക്ക് കടന്നത്.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ വിഷയം മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് വാർഡ് കൗൺസിലർ സഫർ വെള്ളയിൽ സമരപ്പന്തലിലെത്തി ജലീലുമായി ചർച്ച നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.കൗൺസിലർ കരിക്കുവെള്ളം നൽകിയാണ് എം.എ. ജലീലിന്റെ നിരാഹാര സമരം ഔദ്യോഗികമായി അവസാനിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *