ഇത് വാർത്താ ജൂലൈ 17ന് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും; ജിന്ദ്–സോണിപ്പത്ത് റൂട്ടിൽ സർവീസ്

രാജ്യത്തെ ഗതാഗതരംഗത്ത് നിർണായക മുന്നേറ്റമായി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്–സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ട്രെയിനിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ഫ്യൂവൽ സെൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.ജിന്ദ് മുതൽ സോണിപ്പത്ത് വരെ ഏകദേശം 90 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് നടത്തുക. നിലവിലെ ഡീസൽ ട്രെയിനുകൾക്ക് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുന്ന ഈ ദൂരം ഹൈഡ്രജൻ ട്രെയിൻ ഒരു മണിക്കൂറിനുള്ളിൽ പിന്നിടുമെന്നാണ് വിവരം. യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ 5 രൂപ മുതൽ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരേസമയം ഏകദേശം 2,500 യാത്രക്കാർക്ക് യാത്ര ചെയ്യാനാകുന്ന ശേഷിയുമുണ്ട്.1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിന്റെ പ്രധാന സവിശേഷത. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനമാണിത്. ഈ പ്രക്രിയയിൽ കാർബൺ പുറന്തള്ളൽ ഇല്ലാതെ നീരാവിയും ചൂടും മാത്രമാണ് പുറത്തുവരുന്നത്. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തൽ.സുരക്ഷാ സംവിധാനങ്ങൾക്കും ട്രെയിനിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. 27 ഹൈഡ്രജൻ സിലിണ്ടറുകൾ, ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള സംവിധാനം, ഫയർ ഡിറ്റക്ടറുകൾ, അത്യാധുനിക നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപകൽപ്പന ചെയ്ത ട്രെയിൻ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിച്ചത്.ഏകദേശം 89 കോടി രൂപ ചെലവിലാണ് ഹൈഡ്രജൻ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. ഈ പൈലറ്റ് പദ്ധതി വിജയകരമാകുകയാണെങ്കിൽ രാജ്യത്തെ കൂടുതൽ റൂട്ടുകളിലേക്ക് ഹൈഡ്രജൻ ട്രെയിനുകൾ വ്യാപിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. ഡീസലിനോടുള്ള ആശ്രയം കുറയ്ക്കുന്നതിനും ഇന്ധനച്ചെലവ് ലാഭിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *