
കെ-റെയിൽ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളാനുള്ള അന്തിമ അധികാരം കോടതിക്കാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ P. രാജീവ് . സർക്കാർ കേസുകൾ പിൻവലിക്കാൻ താൽപര്യം പ്രകടിപ്പിക്കാമെങ്കിലും അന്തിമ തീരുമാനം നീതിന്യായ വ്യവസ്ഥയുടേതായിരിക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.ശബരിമല സമര കേസുകളിലും താൻ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും പദ്ധതി റദ്ദാക്കിയ യു.ഡി.എഫ് സർക്കാർ ജനങ്ങൾക്കു മുന്നിൽ ബദൽ വികസന മാർഗം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ പൊലീസ് നടപടിയും പി. രാജീവ് ശക്തമായി വിമർശിച്ചു. മുൻപ് പലതവണ പൊലീസ് എത്തി മടങ്ങിയ സ്ഥലത്ത് ഇത്തവണ യാതൊരു മുന്നറിയിപ്പുമില്ലാതെ കടുത്ത നടപടികളാണ് സ്വീകരിച്ചതെന്നും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ബലമായി വലിച്ചിഴച്ചതായും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രശ്നപരിഹാരത്തിനായി ഇടപെട്ടിരുന്നുവെന്നും താമസക്കാർ അവരുടെ ബുദ്ധിമുട്ടുകൾ സർക്കാറിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരായ കേസുകളെക്കുറിച്ച് അന്വേഷണം നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അതിന്റെ ദിശ പരിശോധിച്ച ശേഷമേ രാഷ്ട്രീയ പ്രതികാരമാണോയെന്ന് പറയാനാകൂ എന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
