
വയനാട് മെഡിക്കൽ കോളേജിനായി മടക്കിമലയിൽ സൗജന്യമായി ലഭ്യമായ 50 ഏക്കർ ഭൂമി നിലവിലുണ്ടായിരിക്കെ, പുതിയ സ്ഥലത്തിനായി പണം മുടക്കി ഭൂമി വാങ്ങാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. മെഡിക്കൽ കോളേജ് വയനാട്ടുകാരുടെ സ്വപ്ന പദ്ധതിയായതിനാൽ, നിലവിലുള്ള ഭൂമി ഉപയോഗിച്ചുതന്നെ പദ്ധതി നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.മാനന്തവാടി നഗരസഭ വയനാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതിനുപകരം, മറ്റൊരു ദിശയിൽ നീങ്ങുകയാണെന്ന തരത്തിലുള്ള വിമർശനവും ഉയരുന്നുണ്ട്. കൽപ്പറ്റ, ബത്തേരി, മടക്കിമല എന്നിവയൊക്കെ വയനാട് ജില്ലയിൽ തന്നെയായിരിക്കെ, പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ സംശയങ്ങൾക്ക് ഇടയാക്കുന്നതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.മടക്കിമല ചന്ദ്രപ്രഭ ട്രസ്റ്റ് മെഡിക്കൽ കോളേജിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഭൂമി വിട്ടുനൽകിയ സാഹചര്യത്തിൽ, ആ ഭൂമി ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള നീക്കം നിയമകുരുക്കുകൾക്കും പദ്ധതി അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്നാണ് ആശങ്ക. ഭൂമി ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്.
