
ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടക്കോരുമകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ അറസ്റ്റിലായി. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബാലുശ്ശേരി പോലീസ് പേരാമ്പ്രയിലെ കടിയങ്ങാട് ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചെന്നൈ, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചാണ് വിനോദൻ അറസ്റ്റ് ഒഴിവാക്കി കഴിഞ്ഞിരുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിന് രണ്ട് ദിവസം മുമ്പാണ് ഇയാൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതെന്നാണ് വിവരം.നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ദിനേശ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ വിനോദന്റെ പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.
