ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; 50 ബഡ്‌സ് സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളാക്കും: മന്ത്രി കെ.എം. ഷാജി

വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാനത്തെ 50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി ഉയര്‍ത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി K. M. ഷാജി പ്രഖ്യാപിച്ചു.വേങ്ങര എ.ആര്‍. നഗറിലെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി താമസവും പരിപാലനവും ഉള്‍പ്പെടുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നും നിലവിലുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്താന്‍ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പകല്‍സമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, തെറാപ്പി, പുനരധിവാസം, നൈപുണ്യ വികസന പരിശീലനം തുടങ്ങിയ സേവനങ്ങള്‍ നല്‍കി കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് 187 ബഡ്‌സ് സ്‌കൂളുകളും 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 13,895 പരിശീലനാര്‍ഥികളാണ് നിലവില്‍ ഈ സ്ഥാപനങ്ങളിലുള്ളത്.സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സ്ത്രീകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും പറഞ്ഞു. ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരെ “യഥാര്‍ഥ ഹീറോകള്‍” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ മാനസികാരോഗ്യ സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യക്തമാക്കി.പരിപാടിക്ക് മുന്നോടിയായി മലപ്പുറം ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്ര നടന്നു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടന്‍ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *