മഹാരാഷ്ട്രയിൽ മലയാളി യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു; രണ്ടുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയായ വിഷ്ണു നായർ (31) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.താനെയിലെ വാർത്തക് നഗർ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്തെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിൽ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടതായാണ് വിവരം.എന്നാൽ പോലീസ് മടങ്ങിയതിന് പിന്നാലെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട വിഷ്ണു നായർക്കും അറസ്റ്റിലായ പ്രതികൾക്കുമെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അതിനാൽ മുംബൈയിലെ അധോലോക സംഘർഷങ്ങളുടെയോ ഗുണ്ടാപ്പകയുടെയോ ഭാഗമായാണോ കൊലപാതകം നടന്നതെന്ന ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *