മുംബൈയിലെ കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47)യാണ് മരിച്ചത്. മുംബൈയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള അഗ്രിപാഡ ചാളിൽ താമസിക്കുകയായിരുന്ന റാബിയ, മഴയ്ക്കിടെ വീടിന്റെ ഭിത്തിക്ക് അരികിൽ നിൽക്കുന്നതിനിടെയാണ് ഭിത്തി തകർന്നു വീണ് അപകടമുണ്ടായത്.സംസ്കാരം ഇന്ന് പനയങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: അൽഫിയ, ഇർഫാൻ.അതേസമയം, മുംബൈയിൽ കനത്ത മഴയെ തുടർന്ന് തുറന്നുകിടന്ന മാൻഹോളിൽ വീണ് മറ്റൊരാൾക്കും ജീവൻ നഷ്ടമായി. അസ്‌ലം ഷെയ്ഖ് (55) ആണ് അപകടത്തിൽ മരിച്ചത്. മൊബൈലിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് കാൽ വഴുതി മാൻഹോളിലേക്ക് വീണത്. അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മുംബൈ മുനിസിപ്പൽ കോർപറേഷന്റെ അനാസ്ഥയാണ് അപകടങ്ങൾക്ക് കാരണമായതെന്ന വിമർശനവും ശക്തമാണ്. മാൻഹോളുകൾ സുരക്ഷിതമായി മൂടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന ആക്ഷേപമുണ്ട്. എന്നാൽ അറ്റകുറ്റപ്പണിക്കായി മൂടി തുറന്നതാണെന്ന് കോർപറേഷൻ വിശദീകരിച്ചു. സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്തതായും കർശന നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി മേയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *