“മോഡലിങ്ങിന്റെ പേരിൽ യുവതികളെ ദുബായിലേക്ക്; ഓരോരുത്തർക്കും ലക്ഷം രൂപ കമ്മീഷൻ, കൊച്ചിയിൽ ഞെട്ടിക്കുന്ന സെക്സ് റാക്കറ്റ് അന്വേഷണം”

മോഡലിങ്ങിന്റെ പേരിൽ യുവതികളെ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ അറസ്റ്റിലായ ബിലാലിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊച്ചി പൊലീസിന്റെ അന്വേഷണത്തിൽ നിരവധി യുവതികളെ ദുബായിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്നുവെന്നും പിന്നീട് മാസംതോറും കമ്മീഷനും ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടികളെ വലയിലാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ സാഹചര്യങ്ങളും മുതലെടുത്തായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു.ഫാഷൻ ഷോകളും മോഡലിങ് പരിപാടികളും കേന്ദ്രീകരിച്ചായിരുന്നു യുവതികളെ കണ്ടെത്തിയിരുന്നത്. ഇതിനായി കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘവും പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. ദുബായിലെ “എലൈസ ഇവന്റ്” എന്ന സ്ഥാപനത്തിലേക്കാണ് യുവതികളെ അയച്ചിരുന്നതെന്നും അത് ഒന്നാം പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.വിസ, ടിക്കറ്റ് തുടങ്ങിയവയ്ക്കായി ഇരകളിൽ നിന്ന് ലക്ഷങ്ങൾ ഈടാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി. ബിലാലിന്റെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രധാന പ്രതിയുടെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവിന് പണം കൈമാറിയതായി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *