
വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി.അതേസമയം, കേസിൽ റിമാൻഡിലുള്ള നിതിൻ ഭാസ്‌കറാണ് സ്ക്രീൻഷോട്ടിന്റെ ഉറവിടമെന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം (SIT) എത്തിച്ചേർന്നതായി സൂചന. രണ്ട് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിനിടെ നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.റിബേഷ് രാമകൃഷ്ണനെയും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിതിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയിൽ നിതിൻ തന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് റീസെറ്റ് ചെയ്തതായും അന്വേഷണ സംഘം സംശയിക്കുന്നു.“വടകര സ്ക്വാഡ്” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നും, അത് നിതിൻ തന്നെയാണ് പങ്കുവച്ചതെന്നുമാണ് നിലവിലെ അന്വേഷണ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രചാരണത്തിനായി സ്ക്രീൻഷോട്ട് ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ സംഭവത്തിൽ പിന്നിൽ പ്രവർത്തിച്ച പ്രധാന ബുദ്ധികേന്ദ്രം നിതിൻ തന്നെയല്ലെന്ന വിലയിരുത്തലിലേക്കും അന്വേഷണ സംഘം എത്തിയിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം തുടരുന്നു.
