വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ പാർക്കിംഗ് ഏരിയയിലേക്ക് അടിയന്തരമായി മേൽക്കൂര നിർമ്മിക്കണമെന്ന് റെയിൽവേ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫോറം സെക്രട്ടറി മണലിൽ മോഹനനും പ്രസിഡണ്ട് എ.പി. പ്രേമരാജനും റെയിൽവേ അധികൃതർക്ക് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

മഴക്കാലത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് മേൽക്കൂരയുടെ അഭാവം മൂലം മഴ നനഞ്ഞുകൊണ്ടാണ് ഓട്ടോ പാർക്കിംഗ് മേഖലയിലേക്ക് എത്തേണ്ടി വരുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഫോറം ചൂണ്ടിക്കാട്ടി.മേൽക്കൂര ഇല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ പാർക്കിംഗ് ഏരിയയിൽ നിർത്താതെ റെയിൽവേ കോമ്പൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന സാഹചര്യമാണുള്ളത്.
ഇതുമൂലം ഹ്രസ്വദൂര യാത്രക്കാർക്ക് പലപ്പോഴും യാത്ര നിഷേധിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നതായി യൂസേഴ്സ് ഫോറം വ്യക്തമാക്കി.യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് സ്റ്റേഷനിൽ നിന്ന് ഓട്ടോ പാർക്കിംഗിലേക്ക് മഴയും വെയിലും തടയുന്ന രീതിയിൽ മേൽക്കൂര നിർമിക്കാൻ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.
