
കോഴിക്കോട്: മഴയെ തുടർന്ന് ദേശീയപാതകൾ, നഗര റോഡുകൾ, തോടുകൾ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടും ചെളിക്കൂമ്പാരങ്ങളും ജനജീവിതം ദുരിതത്തിലാക്കിയ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു.റോഡുകൾ പൊളിച്ചിട്ട് ജലജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയാക്കാതെ നീണ്ടുപോകുന്നതും, നഗരങ്ങളിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും, കനാൽ-തോട് കൈയേറ്റങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും അഴുക്കുചാൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും നിർദേശം ഉയർന്നു.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വികസന പദ്ധതികൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
