
കോഴിക്കോട്: നിപ വൈറസ് ബാധ സംശയിച്ച് ഒരാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടിയ വ്യക്തിയുടെ സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.പരിശോധനാഫലം ലഭിക്കുന്നതുവരെ രോഗിയെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനാഫലം വന്ന ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും അധികൃതർ വ്യക്തമാക്കി.സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.
