
റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി ഏകദേശം 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.2006-ൽ ഒറ്റപ്പാലത്ത് ജോലി ചെയ്തിരുന്ന സമയത്താണ് റവന്യൂ ഉദ്യോഗസ്ഥൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം സൗഹൃദമായി വളരുകയും, അത് മുതലെടുത്ത് യുവതി പണവും മൊബൈൽ ഫോണും കൈക്കലാക്കിയതായാണ് പരാതി. തുടർന്ന് ബന്ധം വീട്ടുകാരെയും മറ്റുള്ളവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പലഘട്ടങ്ങളിലായി 20 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഇതിനുപുറമെ, കേരള ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുക്കാനും ഉദ്യോഗസ്ഥനെ നിർബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.റിട്ടയേർഡ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കേസിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും ഉൾപ്പെടെയുള്ളവർ സമാന രീതിയിലുള്ള ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.അറസ്റ്റിന് പിന്നാലെ യുവതിക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നതായും, ഭീഷണിയും അപമാനഭയവും മൂലമാണ് പലരും ഇതുവരെ പരാതിയുമായി മുന്നോട്ടുവരാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
