20 വർഷത്തെ കാത്തിരിപ്പിന് വിരാമം; കണ്ണീരോടെ ഉമ്മയെ ചേർത്ത് അബ്ദുൽ റഹീം നാട്ടിലെത്തി

കോഴിക്കോട്:രണ്ട് പതിറ്റാണ്ടോളം നീണ്ട ജയിൽ വാസത്തിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അബ്ദുൽ റഹീം സ്വന്തം മണ്ണിൽ തിരിച്ചെത്തി. ബലിപെരുന്നാളിന്റെ ആത്മീയ സന്തോഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വലിയ തോതിൽ എത്തിയിരുന്നു.

വർഷങ്ങളായി മകന്റെ വരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന വയോധികയായ ഉമ്മ ഫാത്തിമയുടെ കണ്ണീർ നിറഞ്ഞ നിമിഷങ്ങൾ ഹൃദയഭേദകമായി.റിയാദിലെ ജയിലിൽ ഇരുപത് വർഷത്തോളമായി കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീമിന്റെ മോചനം ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമായി മാറി. റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ച ലീഗൽ കമ്മിറ്റി അംഗങ്ങളും പ്രവാസി സംഘടനകളും അവസാന നിമിഷം വരെ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

2006-ലാണ് റഹീം ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. വാഹനാപകടത്തെ തുടർന്ന് ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന സൗദി യുവാവായ അനസ് അൽ ശഹ്റിയെ പരിചരിക്കുന്നതിനിടെയുണ്ടായ ദാരുണ സംഭവമാണ് പിന്നീട് കേസിലേക്കും അറസ്റ്റിലേക്കും നയിച്ചത്. ചികിത്സാ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടിയതിനെ തുടർന്ന് അനസ് മരണപ്പെട്ടുവെന്നായിരുന്നു കേസ്.തുടർന്ന് റഹീമിനെതിരെ വധശിക്ഷ വരെ വിധിക്കപ്പെട്ടെങ്കിലും, വർഷങ്ങളായുള്ള നിയമപോരാട്ടങ്ങളും ഒത്തുതീർപ്പ് ശ്രമങ്ങളും ഒടുവിൽ വഴിത്തിരിവായി. 15 മില്യൺ സൗദി റിയാൽ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കുടുംബം തയ്യാറായതോടെ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തു. ‘Save Abdul Rahim’ ക്യാംപെയ്‌നിലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോടികൾ സമാഹരിക്കപ്പെട്ടു.നിയമനടപടികൾ പൂർത്തിയായതോടെ കഴിഞ്ഞ ദിവസമാണ് റഹീമിന് അന്തിമ മോചനം ലഭിച്ചത്. വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയായതോടെ ഫൈനൽ എക്സിറ്റിനുള്ള നടപടികളും പൂർത്തിയാക്കി. വെള്ളിയാഴ്ച വൈകിട്ടോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കരിപ്പൂരിലെത്തിയത്.

പ്രാർത്ഥനകളും പ്രതീക്ഷകളും ഒരുമിച്ച് വിജയിച്ച ഈ മടങ്ങിവരവ് പ്രവാസലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും വികാരഭരിതമായ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *