മാനന്തവാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; ആഭരണ കവർച്ചശ്രമത്തിനിടെ കൊലപാതകമെന്ന് സംശയം

വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനി വീട്ടിൽ ഫാത്തിമ (85) ആണ് മരിച്ചത്. ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് ഫാത്തിമ. വൈപ്പടിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ അപഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.മരണകാരണം വ്യക്തമായി അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും പ്രാഥമിക അന്വേഷണവും ആരംഭിച്ചു.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *