
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തുടരാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ണായക ഇടപെടല്‍. ഇതോടെ കേസില്‍ ഇഡിയുടെ തുടര്‍ അന്വേഷണത്തിന് നിലവില്‍ നിയമതടസ്സമില്ലെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില് ലഭിച്ച വിവരങ്ങളും കണ്ടെത്തലുകളും ഉള്‍പ്പെടെ കോടതിയില്‍ ഇഡി വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ സംശയകരമായ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.അതേസമയം, ഇഡിയുടെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. വ്യക്തമായ തെളിവുകളില്ലാതെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്തുകൊണ്ട് അന്വേഷണത്തിന് ആവശ്യമായ തെളിവുകളും വിവരങ്ങളും കൈവശമുണ്ടെന്നാണ് ഇഡി കോടതിയില്‍ നിലപാട് സ്വീകരിച്ചത്.കേസില്‍ ഡിവിഷന് ബെഞ്ചിന്റെ പുതിയ തീരുമാനം ഇഡി അന്വേഷണത്തിന് കൂടുതല്‍ ശക്തിപകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ നിര്‍ണായകമാകും.
