
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്നത്.മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായാണ് എല്ലാ വർഷവും ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്. ഈ കാലയളവിൽ ആഴക്കടലിൽ ട്രോളിംഗ് നടത്തുന്നത് മത്സ്യസമ്പത്തിന് ദോഷകരമാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാനത്തെ വിവിധ ഹാർബറുകളിൽ നിന്ന് ആയിരക്കണക്കിന് ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നത്. ഓരോ ബോട്ടുകളിലും 20 മുതൽ 30 വരെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മലയാളി മത്സ്യത്തൊഴിലാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.മത്സ്യബന്ധനം നിർത്തിവെക്കുന്നതോടെ വരുമാന മാർഗം നിലയ്ക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ ആശങ്കയിലാണ്. ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ മാതൃകയിൽ സാമ്പത്തിക സഹായം കൂടി നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.കടുത്ത ചൂട് കാരണം കഴിഞ്ഞ മാസങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞിരുന്നെങ്കിലും മേയ് മുതൽ മത്സ്യലഭ്യത മെച്ചപ്പെട്ടുവരികയായിരുന്നു. ഈ സാഹചര്യത്തിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത് കൂടുതൽ പ്രതീക്ഷയിലായിരുന്ന തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.ട്രോളിംഗ് നിരോധനം കർശനമായി നടപ്പാക്കുന്നതിനായി ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി മേഖലകളിൽ പ്രത്യേക പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.ജൂൺ 10 അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും.
