
കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം മനുഷ്യരിലേക്ക് പകരുന്ന രീതിയെക്കുറിച്ചുള്ള നിർണായക സൂചനകൾ പുറത്തുവരുന്നു. രോഗബാധിതൻ ശുചീകരിച്ചിരുന്ന അടഞ്ഞുകിടന്ന ഗോഡൗണിൽ വലിയ തോതിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിവരം.ഗോഡൗൺ തുറന്നപ്പോൾ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയരുകയും പൊടിപടലങ്ങൾ വ്യാപിക്കുകയും ചെയ്തതായി രോഗി വ്യക്തമാക്കിയിട്ടുണ്ട്. വവ്വാലുകളുടെ വിസർജ്യങ്ങൾ കലർന്ന പൊടിപടലങ്ങൾ ശ്വസിച്ചതിലൂടെയാകാം വൈറസ് ശരീരത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയാണ് നിപ്പ പകരുന്നതെന്ന പൊതുവായ ധാരണയ്ക്കപ്പുറം, വിസർജ്യം കലർന്ന പൊടി ശ്വസിക്കുന്നതും രോഗബാധയ്ക്ക് കാരണമാകാമെന്ന സാധ്യതയാണ് ഇപ്പോൾ ഗൗരവത്തോടെ പരിശോധിക്കുന്നത്.കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത നിപ്പ കേസുകളിലെല്ലാം വവ്വാലുകളുടെ പങ്ക് കണ്ടെത്തിയിരുന്നെങ്കിലും, മനുഷ്യരിലേക്കുള്ള വൈറസ് വ്യാപനത്തിന്റെ കൃത്യമായ വഴി വ്യക്തമല്ലായിരുന്നു. പുതിയ സംഭവം ആ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ആരോഗ്യ വിദഗ്ധരെ എത്തിച്ചേക്കുമെന്നാണ് വിലയിരുത്തൽ.#NipahVirus #NipahAlert #Kozhikode #KeralaHealth #BatVirus #KeralaNews
