എബോള വൈറസ് ജാഗ്രത: കേരളത്തിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

എബോള വൈറസ് രോഗം ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നും, കോവിഡ് പോലെ വായുവിലൂടെ വ്യാപകമായി പകരുന്ന രോഗമല്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം.ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക നിരീക്ഷണ വിധേയരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങി തീവണ്ടിമാർഗം സംസ്ഥാനത്തേക്ക് എത്തുന്നവരെയും നിരീക്ഷിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.

പഴംതീനി വവ്വാലുകൾ, മുള്ളൻപന്നികൾ, കുരങ്ങുകൾ തുടങ്ങിയ വന്യജീവികളിൽ നിന്നാണ് എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരായ വ്യക്തികളുടെ രക്തം, ശരീര ദ്രവങ്ങൾ എന്നിവയുമായി സമ്പർക്കത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ക്ഷീണം, ഛർദ്ദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *