
വയനാട് കമ്പളക്കാട് കോട്ടത്തറ വൈപ്പടിയിൽ 85-കാരിയായ വയോധിക കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
മെയ് 24-ന് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാത്തുവിന്റെ മരണത്തിൽ തുടക്കത്തിൽ ദുരൂഹത നിലനിന്നിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായത്. കഴുത്തിലെ എല്ലുകൾ പൊട്ടിയതും വാരിയെല്ലുകൾ തകർന്നതും ഉൾപ്പെടെ ഗുരുതര മർദനമേറ്റ ശേഷമാണ് വയോധിക കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.
അന്വേഷണത്തിൽ, പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമായി. വയോധികയെ മർദിച്ച ശേഷം കഴുത്തിൽ വള്ളി ചുറ്റി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തൽ, പ്രായമായവരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ തുടങ്ങി നിരവധി പരാതികളിൽ മുമ്പും ഉൾപ്പെട്ടിരുന്ന കുട്ടിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ കൂട്ടായ പരാതികൾ ലഭിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിൽ നിർണായകമായത്. ഫിംഗർപ്രിന്റ് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിവിധ പോലീസ് വിഭാഗങ്ങൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.
