
എടക്കര: കുടുംബവഴക്കിനെത്തുടർന്ന് മാനസിക വൈകല്യമുള്ളതായി പറയപ്പെടുന്ന അമ്മ ഒമ്പതുകാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട സംഭവത്തിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്നിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.ഭർത്താവുമായി കലഹിച്ചതിന് പിന്നാലെ, മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് മകളെ കിണറിനടുത്തേക്ക് കൊണ്ടുപോയ അമ്മ കുട്ടിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം.സംഭവം കണ്ട അയൽവാസികൾ ഉടൻ തന്നെ കോണി കിണറ്റിലിറക്കി നൽകി. കുട്ടി അതിൽ പിടിച്ചുനിന്നതിനിടെ ഒരു ബന്ധു കിണറ്റിലിറങ്ങി കുട്ടിയെ ചേർത്തുപിടിച്ച് മോട്ടോർ പൈപ്പിൽ പിടിച്ച് നിന്നു. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചു.ഏകദേശം 35 റിംഗുകൾ ആഴമുള്ള കിണറ്റിൽ വീണിട്ടും കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
