
മലപ്പുറം: കൊണ്ടോട്ടിക്കടുത്തുള്ള വലിയപറമ്പ് ചെറുമുറ്റത്ത് ഹൃദയം പിടിച്ചുലയ്ക്കുന്ന സംഭവം. തിരക്കേറിയ ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടെ ഒരു പിഞ്ചുകുഞ്ഞ് റോഡിന്റെ നടുവിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുകയായിരുന്നു.അപകടത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞ് വലിയ ദുരന്തത്തിന്റെ വക്കിലെത്തിയപ്പോൾ, അതുവഴി എത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ജാഗ്രതയാണ് രക്ഷയായത്. ബസ് ഓടിക്കുന്നതിനിടെ കുഞ്ഞിനെ ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം റോഡിന് നടുവിൽ നിർത്തി ഹോൺ മുഴക്കി മറ്റ് വാഹനങ്ങളെ തടഞ്ഞു.തുടർന്ന് ബസിൽ നിന്ന് ചാടിയിറങ്ങി റോഡിന്റെ നടുവിലെത്തിയ അദ്ദേഹം കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒഴിവായത് വലിയ അപകടമാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ജീവൻ രക്ഷിക്കാൻ കാട്ടിയ മനുഷ്യത്വത്തിനും ജാഗ്രതയ്ക്കും ബസ് ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.ഒരു നിമിഷത്തെ ശ്രദ്ധയും സമയോചിതമായ ഇടപെടലും ഒരു പിഞ്ചുജീവൻ രക്ഷിച്ചപ്പോൾ, ആ ബസ് ഡ്രൈവർ ഇന്നത്തെ യഥാർത്ഥ നായകനായി മാറി.
