
കോഴിക്കോട്: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആശുപത്രി അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കി.നിപ്പ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന എസ്.ഡി.എസ് (SDS) ബ്ലോക്കിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്. വാർഡിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും സമീപ പ്രദേശങ്ങളിലെ പാർക്കിംഗ് നിർത്തിവെക്കുകയും ചെയ്തു. രോഗികളും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും ആശുപത്രിയുടെ മറ്റ് പ്രവേശന മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗിക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.പ്രധാന നിർദേശങ്ങൾ: ▪️ എസ്.ഡി.എസ് ബ്ലോക്കിലേക്കുള്ള പ്രവേശനം വിലക്കി▪️ പ്രധാന ഗേറ്റ് വഴിമാത്രം പ്രവേശനവും പുറത്തുപോകലും▪️ ഐസൊലേഷൻ വാർഡ് മേഖലയിലേക്ക് അനാവശ്യ പ്രവേശനം പാടില്ല▪️ ആശുപത്രി പരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ▪️ എസ്.ഡി.എസ് ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിംഗ് നിരോധിച്ചുനിപ്പ രോഗവ്യാപനം തടയുന്നതിനും രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടികളെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
