
വിദ്യാർത്ഥി പാസ് പുതുക്കൽ ഫീസ് വർധന; തീരുമാനം പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ പാസ് ഓൺലൈനായി പുതുക്കുന്നതിനുള്ള സേവനച്ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ച തീരുമാനത്തിനെതിരെ എസ്‌എഫ്‌ഐ രംഗത്ത്. പുതിയ ഫീസ് വർധന വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അധികഭാരമാകുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.പൊതുഗതാഗതത്തെ ആശ്രയിച്ച് പഠനത്തിനായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്നും, വർധിപ്പിച്ച ചാർജ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.:
